ഭിന്നശേഷിക്കാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സതേടിയെത്തിയ ഭിന്നശേഷിക്കാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. പേയാട് സ്വദേശിയെ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്ന പരാതിയിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ.
പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അടിയന്തര വിശദീകരണം നൽകാനും മന്ത്രി ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു സംഭവം മെഡിക്കൽ കോളജിലുണ്ടായി എന്ന് അറിഞ്ഞ ഉടനെ തന്നെ മന്ത്രി ഭിന്നശേഷിക്കാരനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദമായി അന്വേഷിച്ചു.
ആരോഗ്യമേഖലയിൽ സമഗ്രപുരോഗതി ഉറപ്പുവരുത്തിയ കേരളത്തിൽ ഇത്തരത്തിലൊരു സംഭവം ഉണ്ടായത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു. എട്ട് വർഷം മുൻപുണ്ടായ വീഴ്ചയെ തുടർന്ന് വീൽചെയറിലായ രോഗിക്കാണ് ചികിത്സ നിഷേധിച്ചത്. വയറ് വേദനയെ തുടർന്ന് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ സീനിയർ ഡോക്ടറെ കാണാനാണ് ഇവരെത്തിയത്. വീൽ ചെയറിലുള്ള രോഗിയെ പരിശോധനാ മുറിയിൽ കയറ്റാനോ രോഗിയുടെ അടുത്ത് പോയി ചികിത്സിക്കാനോ ഡോക്ടർ തയ്യാറായില്ല.
എന്താണ് ആശുപത്രിയിൽ നിന്ന് ഇത്തരത്തിലൊരു പിഴവ് ഉണ്ടാവാൻ കാരണമെന്ന് വിശദമായി അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Content Highlights : treatment held physically Challenged person