ഇന്ധനക്ഷാമം രൂക്ഷം; സ്കൂളുകളും ഓഫീസുകളും അടയ്ക്കാനൊരുങ്ങി ശ്രീലങ്ക
ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. കടുത്ത ഇന്ധനക്ഷാമത്തെത്തുടർന്ന് പൊതുകാര്യാലയങ്ങളും വിദ്യാലയങ്ങളും അടുത്തയാഴ്ച അടച്ചിടാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍. സ്കൂളുകളിലെ ക്ലാസുകള്‍ ഓണ്‍ലൈനാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യണമെന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
“ഇന്ധനവിതരണത്തിലെ കടുത്തപ്രതിസന്ധി, പൊതുഗതാഗതത്തിന്റെ കുറവ്, സ്വകാര്യ യാത്രാസംവിധാനങ്ങളുടെ അപ്രായോഗികത എന്നിവ കണക്കിലെടുത്ത്, തിങ്കളാഴ്ചമുതല്‍ ഓഫീസുകളില്‍ അത്യാവശ്യം ജീവനക്കാര്‍മാത്രം ഹാജരായാല്‍ മതി.” പൊതുഭരണ, ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
അതേസമയം, ആരോഗ്യമേഖലയിലെ ജീവനക്കാര്‍ പതിവുപോലെ ജോലിക്കെത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൊളംബോ നഗരപരിധിയിലെ സര്‍ക്കാര്‍ സ്കൂളുകളും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്കൂളുകളും അടുത്തയാഴ്ച തുറക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍.
മണിക്കൂറുകൾ നീളുന്ന വൈദ്യുതിതടസമാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. കഴിഞ്ഞ കുറേമാസങ്ങളായി ശ്രീലങ്കയിൽ ദിവസവും 13 മണിക്കൂർ വരെയാണ് പവർകട്ട്. രാജ്യത്തെ 2.2 കോടിവരുന്ന ജനസംഖ്യയിൽ അൻപത് ലക്ഷത്തോളം പേരെ രാജ്യത്തെ ഭക്ഷ്യക്ഷാമം നേരിട്ട് ബാധിക്കുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രെമെ സിങെ പറഞ്ഞിരിക്കുന്നത്.