പുറത്തുപോയാൽ തൻ്റെ ഭാവിയെ ബാധിക്കും; ദൃശ്യങ്ങൾ ചോർത്തിയതാരെന്നറിയണമെന്ന് അതിജീവിത ഹൈക്കോടതിയിൽ
വിചാരണക്കോടതിയിൽ സമർപ്പിക്കപ്പെട്ട മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയതിന് പിന്നിൽ ആരാണെന്ന് അറിയണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. കോടതിയിലെ മെമ്മറി കാർഡിലുള്ളത് തന്റെ ദൃശ്യമാണ്. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടുവെന്ന് സാക്ഷിമൊഴിയുണ്ട്. അത് പുറത്ത് പോയാൽ തന്റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കുമ്പോഴാണ് അനധികൃതമായി ദൃശ്യങ്ങൾ പരിശോധിക്കപ്പെട്ടത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു.
എന്നാൽ മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കോടതി മറുപടി നൽകി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് മാത്രമാണ് ഫോറൻസിക് റിപ്പോര്‍ട്ടിലുള്ളതെന്നും കോടതി പറഞ്ഞു.
അതേസമയം, മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി മറുപടിയായി ചോദിച്ചു. ഈ ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ നൽകിയത് നിങ്ങൾ തന്നെയല്ലേയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു.
നേരത്തെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണാക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സമാന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോർന്നുവെന്നതിന്റെ കൂടുതൽ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഹർജിയിൽ വാദം നാളെയും തുടരും.