സ്വപ്നയും സരിത്തും കസ്റ്റംസിന് നല്കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റിന് ലഭിക്കും
സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്നയും സരിത്തും കസ്റ്റംസിന് നല്കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിക്കും. കോടതി ഇതു സംബന്ധിച്ച് അനുമതി നല്കി. സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സിജെഎം കോടതി ഈ അനുമതി നല്‍കിയിരിക്കുന്നത്. ഇവരുടെ രഹസ്യമൊഴി നല്‍കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഡോളര്‍ കടത്തുകേസില്‍ ഇരുവരുടെയും രഹസ്യമൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.
സ്വപ്ന സുരേഷ് പുതുതായി മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ രഹസ്യമൊഴി ഇഡിക്ക് ലഭിച്ചിട്ടുണ്ട്. 27 പേജുള്ള രഹസ്യമൊഴിയാണ് സ്വപ്ന നല്‍കിയത്. ഇതിനു ശേഷമാണ് കസ്റ്റംസിന് നല്കിയ രഹസ്യമൊഴിക്കായി എന്‍ഫോഴ്സ്മെന്റ് കോടതിയെ സമീപിച്ചത്. പുതിയ മൊഴിക്ക് സമാനമായ വെളിപ്പെടുത്തലുകള്‍ കസ്റ്റംസിന് നല്കിയ മൊഴിയിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായാണ് നടപടി. പുതിയെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
22-ാം തിയതി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സ്വപ്നയ്ക്ക് ഇഡി നോട്ടീസ് അയച്ചു. കസ്റ്റംസിന് നല്കിയ രഹസ്യമൊഴി കൂടി പരിശോധിച്ചശേഷം സ്വപ്നയെ ചോദ്യം ചെയ്യാനാണ് പദ്ധതി.
Content Highlights: ED, Customs, Swapna Suresh, Sarith