നാക് A++ ഗ്രേഡ്; രാജ്യത്തെ തന്നെ മികച്ച പത്ത് സർവകലാശാലകളിലൊന്നായി കേരള സർവകലാശാല
ചരിത്രനേട്ടവുമായി കേരള സർവകലാശാല (Kerala University) . നാഷണൽ അക്രെഡിറ്റേഷൻ ആൻഡ് അസസ്മെൻ്റ് കൗൺസിലി(NAAC- നാക്) ൻ്റെ A++ ഗ്രേഡ് നേടിയ സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി മാറുകയാണ് കേരള. രാജ്യത്ത് നിലവിൽ ജവഹർലാൽ നെഹ്രു സർവകലാശാലയടക്കം 9 സർവകലാശാലകൾക്ക് മാത്രമേ A++ ഗ്രേഡ് ലഭിച്ചിട്ടുള്ളൂ. നാക് നൽകുന്ന ഏറ്റവും ഉയർന്ന ഗ്രേഡാണിത്. NAAC ൻ്റെ പരിശോധനയിൽ നാലിൽ 3.67 ആണ് സർവകലാശാലയ്ക്ക് ലഭിച്ച സ്കോർ.
നാക് A++ അക്രഡിറ്റേഷനുള്ള സർവകലാശാലകൾക്ക് യുജിസിയിൽ നിന്നും 800 കോടി രൂപമുതൽ 1000 കോടി രൂപവരെയുള്ള വാർഷിക ഫണ്ട് ലഭിക്കും. സർവകലാശാലയുടെ സമഗ്രമായ വികസനത്തിനും മുന്നേറ്റത്തിനും ഇത് സഹായകമാകും. വൈസ് ചാൻസലർ മഹാദേവൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ മികച്ച പ്രവർത്തനവും തയ്യാറെടുപ്പുമാണ് ഈ നേട്ടത്തിന് കാരണം.
കേരളത്തിലെ ഒരു സർവകലാശാലയ്ക്ക് ആദ്യമായാണ് A++ ഗ്രേഡ് ലഭിക്കുന്നത്. 2003-ൽ B++ ഉം 2015-ൽ A ഗ്രേഡുമായിരുന്നു കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. ഇത്തവണത്തെ റീ അക്രഡിറ്റേഷനിൽ അത് A++ ആയി ഉയരുകയായിരുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന മികച്ച പുരോഗതിയ്ക്കുള്ള അംഗീകാരമാണിതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. മാതൃഭൂമി ചാനലിനോട് ടെലിഫോണിലായിരുന്നു മന്ത്രിയുടെ പ്രതികരണം.