കൊച്ചി മെട്രോയുടെ തൂണിലെ തകരാർ പരിഹരിച്ചു; സർവീസുകൾ സാധാരണ നിലയിൽ
കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ മെട്രോ തൂണിലെ തകരാറുകൾ പരിഹരിച്ചു. ഇന്ന് മുതൽ മെട്രോ പഴയ പോലെ സർവീസുകൾ നടത്തിത്തുടങ്ങി. മെട്രോയുടെ 347 ആം പില്ലറിലായിരുന്നു തകരാർ. നാല് പൈലുകൾ അധികമായി സ്ഥാപിച്ച് പൈൽ ക്യാപ് മുഖേനെ തൂണുമായി ബന്ധിപ്പിച്ചാണ് അടിത്തറ ശക്തിപ്പെടുത്തിയത്.
അറ്റകുറ്റപ്പണി മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാക്കാൻ അധികൃതകർക്ക് സാധിക്കാത്തതിനെ ചൊല്ലി വലിയ രീതിയിലുള്ളവിമർശനം നേരിട്ടിരുന്നു. പത്തടിപ്പാലത്തെ കൊച്ചിമെട്രോയുടെ 347 ആം നമ്പർ തൂണിൽ ഫെബ്രുവരിയിലാണ് ചരിവ് കണ്ടെത്തിയത്. ഇതോടെ പാതയിൽ ട്രെയിൻ ഗതാഗതം തകരാറിലായി. മാർച്ച് 19 ന് തൂൺ ബലപ്പെടുത്താനുള്ള നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ പത്തടിപ്പാലത്തെ വഴിയിലും ഗതാഗതക്കുരുക്ക് രൂക്ഷമായി.
രണ്ട് മാസം മുൻപേ നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു മെട്രോ അധികൃതർ പറഞ്ഞിരുന്നത്. ഭൂമിക്കടിയിലെ പാറയിൽ തൂണിന്റെ പൈലുകൾ കൃത്യമായി ഉറപ്പിക്കാത്തതിനാലാണ് ചരിവ് സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. സാധാരണ ഗതിയിൽ നാല് പില്ലറുകൾ മണ്ണിലേക്ക് ഇറക്കിയാണ് പാറയുമായി ബന്ധിപ്പിക്കുന്നത്. എന്നാൽ ഇവിടെ അത്തരത്തിൽ യോജിപ്പിച്ചിരുന്നില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. നിർമാണത്തിൽ പിഴവ് സംഭവിച്ചുവെന്ന കാര്യം ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവ് ഇ എം ശ്രീധരനും തുറന്നു പറഞ്ഞിരുന്നു. ഗുരുതര പിഴവ് കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ മെട്രോ അധികൃതർ വലിയ വിമർശനമാണ് നേരിടുന്നത്.
Content Highlights: Kochi Metro pillar issue Solved