വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും . ഉഭയസമത പ്രകാരമാണ് ലൈംഗിക ബന്ധം ഉണ്ടായതെന്നും ബ്ലാക്ക് മെയ്ലിങ്ങിന്റെ ഭാഗമായാണ് നടിയുടെ പരാതിയെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം. വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്നയിരുന്നു പ്രോസിക്യൂഷന്റെ നിലപാട്
വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി പറയുക. ഹർജിയിൽ കഴിഞ്ഞയാഴ്ച്ച വാദം പൂർത്തിയായിരുന്നു.
കേസിൽ തന്നെ രണ്ടു തവണ ചോദ്യം ചെയ്തെന്നും അന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുള്ളത്.
പരാതിക്കാരിയായ നടിയുമായി ഉഭയസമ്മതപ്രകാരമാണ് ലൈംഗി ബന്ധത്തിലേർപ്പെട്ടതെന്നും പുതിയ സിനിമയിൽ അവസരം നൽകാത്തതിനെ തുടർന്നാണ് പീഡന പരാതി നൽകിയതെന്നുമാണ് വിജയ് ബാബുവിന്റെ വാദം. നടിയുമായി നടത്തിയ വാട്ട്സാപ്പ് ,ഇൻസ്റ്റഗ്രാം ചാറ്റുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിരുന്നു. അതേ സമയം വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കടുത്ത പീഡനം നേരിടേണ്ടി വന്നുവെന്ന് നടിയും കോടതിയെ അറിയിച്ചിരുന്നു.
നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലെ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ആണെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നടപടി. പീഡനക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമത്തിലൂടെ നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തിൽ വിജയ് ബാബുവിനെതിരെ രണ്ടാമതും പോലീസ് കേസെടുത്തത്.
Content Highlights: Vijay babu bail petition at High Court on actress assault case