മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; ശിവസേനാ വിമതര്‍ അസമില്‍, മന്ത്രിസഭായോഗം ഇന്ന്
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിമതര്‍ സൂറത്തില്‍ നിന്ന് അസമിലേക്ക് മാറി. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇവര്‍ ഗുവാഹത്തിലേക്ക് പോയത്. ശിവസേനയില്‍ നിന്നുള്ള 34 എംഎല്‍എമാരും 7 സ്വതന്ത്രരും ഉള്‍പ്പെടെ 40 എംഎല്‍എമാര്‍ ഗുവാഹത്തിയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. എംഎല്‍എമാരുടെ ചിത്രവും പുറത്തു വന്നിട്ടുണ്ട്.
രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ മഹാരാഷ്ട്ര മന്ത്രിസഭയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ വിമതപക്ഷം ചേരുകയും സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്ത ഘട്ടത്തിലാണ് യോഗം. മുഖ്യമന്ത്രി ഉദ്ധവ് താക്കറേ യോഗത്തില്‍ നിര്‍ണായക തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. ചീഫ് വിപ്പായിരുന്ന ഷിന്‍ഡേയുടെ നേതൃത്വത്തിലുണ്ടായ വിമത നീക്കം ശിവസേന നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ബാല്‍ താക്കറേയുടെ ഹിന്ദുത്വയെയാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് സൂറത്ത് വിമാനത്താവളത്തില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി ഷിന്‍ഡേ മാധ്യമങ്ങളോട് പറഞ്ഞു. ബാലാ സാഹെബ് താക്കറേയുടെ ശിവസേനയെ തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ഇനി ഉപേക്ഷിക്കുകയില്ലെന്നും ഷിന്‍ഡേ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ചൊവ്വാഴ്ച ഏക്നാഥ് ഷിന്‍ഡേയുമായി സംസാരിച്ചിരുന്നു. അതിനു ശേഷമാണ് വിമത എംഎല്‍എമാര്‍ അസമിലേക്ക് പറന്നത്.
പുനരാലോചന നടത്തി പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തണമെന്ന് ഷിന്‍ഡേയോട് ഉദ്ധവ് താക്കറേ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യം ശിവസേന പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഷിന്‍ഡേ ഉന്നയിച്ചത്. ബിജെപിയുമായി ചേര്‍ന്ന് സംയുക്ത ഭരണം വേണമെന്നും വിമതര്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Maharashtra, Siv Sena, Eknath Shinde, Uddav Tackarey, BJP