കോഴിക്കോട് KSRTC ടെർമിനലിന്റെ ബലക്ഷയം ; അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കകമെന്ന് വിദഗ്ധ സമിതി
കോഴിക്കോട് കെ എസ് ആർ ടി സി ടെർമിനലിന്റെ ബലക്ഷയം സംബന്ധിച്ചുള്ള അന്തിമറിപ്പോർട്ട് ജൂലായ് 29-നകം സമർപ്പിക്കുമെന്ന് വിദഗ്ധസമിതി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഐ ഐ ടി റിപ്പോർട്ട് വിശകലനംചെയ്യാൻ വിദഗ്ധസമിതി രൂപവത്കരിച്ചത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചിരുന്നു.
അന്തിമ റിപ്പോർട്ട് അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചത്. മദ്രാസ് ഐ ഐ ടി യുടെ പുതിയ വിശകലന റിപ്പോർട്ട് ലഭിക്കാൻ വൈകുന്നതുകൊണ്ടാണ് വിദഗ്ധസമിതി റിപ്പോർട്ടും വൈകുന്നത്.
ഭൂകമ്പം, കാറ്റ്, ആളുകൾ കയറുമ്പോഴുള്ള അവസ്ഥ തുടങ്ങിയ മൂന്ന് ഘടകങ്ങൾ പരിഗണിച്ചാണ് കെട്ടിടത്തിന്റെ ബലം പരിശോധിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് 90 ശതമാനം തൂണുകൾക്കും ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ ലോഡ് കുറച്ച് വീണ്ടും പരിശോധന നടത്താൻ വിദഗ്ധസംഘം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്.
ഐ ഐ ടി സംഘത്തലവൻ വിദേശത്തായിരുന്നതും റിപ്പോർട്ട് വൈകാൻ കാരണമായി. പരിശോധനാ റിപ്പോർട്ടും ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേറ്റും ഉൾപ്പെടെയാണ് 29-നകം വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിക്കുക. അതിനുശേഷമായിരിക്കും ബസ് സർവീസ് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.
Content Highlights: Kozhikode KSRTC Terminal