തിരുവനന്തപുരം-കാസർഗോട് പാതയിലെ ട്രെയിനുകളുടെ വേഗം കൂട്ടാൻ പദ്ധതിയിട്ട് റെയിൽവേ
തിരുവനന്തപുരം-കാസർഗോട് പാതയിലെ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ റെയിൽവേ ബോർഡ് നിർദേശം. 5000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് നടന്നു. തുടർചർച്ചകൾക്കായി ബോർഡിന്റെ എൻജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ കേരളത്തിലെത്തും.
അതേസമയം, സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി സംസ്ഥാന സർക്കാർ രൂപകല്പന ചെയ്ത നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിക്ക് ബദലായിട്ടല്ല ഈ പദ്ധതിയെന്നും മറിച്ച് രാജ്യവ്യാപകമായി പാതകളിൽ വേഗത വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നാണിതെന്നും റെയിൽവേ അധികൃതർ പറയുന്നു.
കേരളത്തിലെ റെയിൽ പാതയിൽ സാധ്യമായ വിവിധഭാഗങ്ങളിൽ തീവണ്ടികളുടെ വേഗത മണിക്കൂറിൽ 90 കിലോമീറ്റർ, 100 കിലോമീറ്റർ, 110, കിലോമീറ്റർ, 130 കിലോമീറ്റർ എന്നിങ്ങനെ ഉയർത്താനാണ് നിർദേശം. നിലവിലുള്ള റെയിൽവേ ലൈനിൽ ചെറിയ വളവുകൾ നേരെയാക്കാനും സാങ്കേതിക മെച്ചപ്പെടുത്തലുകൾ വരുത്താനും കഴിയുന്ന സ്ട്രെച്ചുകളിലെ മാറ്റങ്ങളും ഉടൻ നടപ്പാക്കും.