കെഎൻഎ ഖാദറിനെതിരെ അച്ചടക്ക നടപടിയുണ്ടാകും; നടപടി തീരുമാനിക്കാൻ നാളെ പാണക്കാട് യോഗം
ആർഎസ്എസ് നടത്തുന്ന പരിപാടിയില്‍ പാര്‍ട്ടിയുടെ അനുമതിയില്ലാതെ പങ്കെടുത്ത കെ.എന്‍.എ ഖാദറിനെതിരെ മുസ്ലിം ലീഗ് നേതൃത്വം അച്ചടക്ക നടപടിയെടുക്കുമെന്ന് റിപ്പോർട്ട്. ഖാദറിന്റെ വിശദീകരണം കിട്ടിയതിന് ശേഷം നാളെ പാണക്കാട് വെച്ച് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് നടപടി തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ആര്.എസ്.എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ആർഎസ്എസിനെക്കുറിച്ച് മുസ്ലിം ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ സമാധാനം കെടുത്താൻ ശ്രമിക്കുന്നവരാണവർ, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആർ.എസ്.എസുമായി ഒരുനിലക്കും സഹകരിക്കാൻ പാടില്ലെന്ന പഴയ നിലപാടിൽ ഒരുമാറ്റവുമില്ലെന്നും പിഎംഎ സലാം പറഞ്ഞു.
ഒരു പരിപാടിക്ക് ക്ഷണിച്ചാൽ അതിനെക്കുറിച്ച് മനസിലാക്കണം. കെഎൻഎ ഖാദർ നൽകിയ വിശദീകരണത്തിലും ആക്ഷേപമുണ്ട്. സാദിഖലി തങ്ങൾ നടത്തുന്ന മതസൗഹാർദ പരിപാടികളിൽ ആർഎസ്എസുകാരെ വിളിക്കാറില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
അതേസമയം, കെഎൻഎ ഖാദറിനെതിരെ നടപടിയെടുക്കുന്ന കാര്യം അദ്ദേഹത്തിൻ്റെ വിശദീകരണം കേട്ടശേഷമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം അറിയിച്ചു.