ഷാജ് കിരണും സന്ദീപ് വാര്യരും ഒരുമിച്ച് കർണാടക മന്ത്രിയുടെ വീട്ടിലെത്തിയ ദൃശ്യങ്ങൾ പുറത്ത് ; വ്യാജ വാർത്തകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി സന്ദീപ് വാര്യർ
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് ആരോപണമുയർന്ന ഷാജ് കിരണും ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു. കർണാടകയിലെ ഊർജ വകുപ്പ് മന്ത്രി വി സുനിൽ കുമാറിന്റെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.
ബി ജെ പിയുടെ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഷാജ് കിരണിന്റെ സുഹൃത്ത് രജിത്തിനൊപ്പം കർണാടകയിലെത്തി സുനിൽകുമാറിന്റെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് പറയുന്നത് അനുസരിച്ചാണെങ്കിൽ ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പമുള്ള ആളാണ്. ബിലീവേഴ്സ് ചർച്ചുമായുള്ള ഇടപാടുകളുടെ ഇടനിലക്കാരനാണ്. ഇക്കാര്യം മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ നേരത്തെ തന്നെ നിഷേധിച്ചവയാണ്. സ്വർണക്കടത്ത് കേസിൽ 164 പ്രകാരം നൽകിയ മൊഴി മാറ്റാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനായി ആണ് ഷാജ് കിരൺ തന്നെ സമീപിച്ചതെന്നാണ് സ്വപ്ന പറഞ്ഞിരുന്നത്.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളും ഈ കാര്യങ്ങളെ ഖണ്ഡിക്കുന്നതാണ്. ഷാജ് കിരണിന്റെ ബി ജെ പി ബന്ധമാണ് ഈ ദൃശ്യങ്ങളിലൂടെ വ്യക്തമാവുന്നത് എന്നാണ് ഒരു വിഭാഗം ഉയർത്തുന്ന വാദം. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണോ ഈ കൂടിക്കാഴ്ച നടന്നതെന്നാണ് അറിയേണ്ടത് എന്നാണ് ഇടത് പക്ഷ സഹയാത്രികരുടെ ആവശ്യം.
ഈ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വാർത്തകൾ പ്രചരിച്ചതോടെ പ്രതികരണവുമായി സന്ദീപ് വാര്യരും രംഗത്തെത്തി. തന്റെ ഫോട്ടോ മാത്രമെടുത്ത് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
ഷാജ് കിരൺ എന്റെ അമ്മായീടെ കുഞ്ഞമ്മേടെ മോൻ എന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഷാജ് കിരണിനെ അന്ന് ആദ്യമായി കാണുകയാണെന്നും അവിടെനിന്ന് മാധ്യമപ്രവർത്തകനെന്നപേരിൽ ഒരു ഫോട്ടോ എടുക്കുകമാത്രമാണ് ഉണ്ടായതെന്നും സന്ദീപ് പറയുന്നു. രാഷ്ട്രീയത്തിലുള്ള തന്റെ പ്രതിച്ഛായ തകർക്കുന്നതിന് വേണ്ടി മാത്രമുള്ള പ്രഹസനമാണ് ഇപ്പോൾ നടക്കുന്നതെന്നും സന്ദീപ് സൂചിപ്പിക്കുന്നു.
Content Highlights: Shaj Kiran With Sandeep warrior controversy