ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച കേസ്; അഞ്ചു പേര് കസ്റ്റഡിയില്‍
കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര് കസ്റ്റഡിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നാജരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. കലാപശ്രമത്തിനും ആയുധം കൈവശം വെച്ചതിനും ജിഷ്ണുരാജിനെതിരെയും കേസെടുത്തിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിലാണ് കേസെന്ന് പോലീസ് വിശദീകരിച്ചു.
ബുധനാഴ്ച രാത്രിയാണ് ജിഷ്ണുവിന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ 30 പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. കണ്ടാലറിയാവുന്ന എസ്ഡിപിഐ, മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജിഷ്ണു പറഞ്ഞു. കോട്ടൂര്‍ പാലോളിയില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. പ്രദേശത്തെ എസ്ഡിപിഐ ഫ്ളക്സുകള്‍ കീറിയെന്ന് ആരോപിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജിഷ്ണുരാജ് പറഞ്ഞു. മര്‍ദ്ദിച്ചതിനു ശേഷം ജിഷ്ണു കുറ്റസമ്മതം നടത്തുന്ന ഒരു വീഡിയോയും അക്രമികള്‍ ചിത്രീകരിച്ചിട്ടുണ്ട്.
തന്നെ കൊല്ലുമെന്ന്ി ഭീഷണിപ്പെടുത്തിയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് ജിഷ്ണു പറഞ്ഞു. സ്ഥലത്ത് പോലീസ് എത്തിയാണ് ജിഷ്ണുവിനെ രക്ഷപ്പെടുത്തിയത്. ശരീരമാസകലം മര്‍ദ്ദനമേറ്റ ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Content Highlights: Balussery, Lynching case, DYFI, SDPI