റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി അറസ്റ്റിൽ
കണ്ണൂരിൽ റെയിൽവെ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിൻഷ ഐസക് പണം തട്ടിയെടുത്തെന്നാരോപിച്ച് അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്. ജോലി തരപ്പെടുത്തിക്കൊടുക്കാനായി ആദ്യഘട്ടമെന്ന നിലയിൽ 35,000 രൂപ വീതം തട്ടിയെടുത്തതായാണ് പരാതി. റെയിൽവേയിൽ ടിടിഇ ആണെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്.
പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ബിനിഷ അറസ്റ്റിലായത്. ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും, നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് ബിൻഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതലാളുകൾ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.