“ഞാൻ മരിക്കും”: വിജയ് ബാബു ആത്മഹത്യാഭീഷണി മുഴക്കുന്ന ഫോൺ സംഭാഷണം പുറത്ത്
വിജയ് ബാബു പരാതിക്കാരിയുടെ ബന്ധുവിനോട് നടത്തിയ ഫോൺ സംഭാഷണം പുറത്ത്. കേസ് പിൻവലിച്ചില്ലെങ്കിൽ താൻ മരിക്കുമെന്ന് വിജയ് ബാബു പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്. മാപ്പ് പറയാൻ തയ്യാറാണെന്നും ഇരയ്ക്ക് വേണമെങ്കിൽ തന്നെ തല്ലാമെന്നും വിജയ് ബാബു പറയുന്നുണ്ട്.
“ഞാൻ മരിച്ചുപോകും. ഞാൻ ജീവിച്ചിരിക്കില്ല. ദേ ഞാൻ സത്യമായിട്ടും പറയുന്നതാ. എൻ്റെ അച്ഛൻ പോയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. എൻ്റമ്മയ്ക്ക് സുഖമില്ലാതിരിക്കുകയാണ്. ഞാൻ ഈ കുട്ടിയ്ക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ” എന്നാണ് വിജയ് ബാബു ആദ്യം തന്നെ പരാതിക്കാരിയുടെ ബന്ധുവിനോട് പറയുന്നത്.
ഫെയ്സ്ബുക്ക് ലൈവിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് ശേഷമുള്ള ഫോൺ കോൾ റെക്കോർഡ് ആണ് പുറത്ത് വന്നിരിക്കുന്നത് എന്നാണ് വിവരം. അതേസമയം, വിജയ് ബാബു പരാതിക്കാരിയെ കായികമായി ആക്രമിക്കുന്നത് താനും കണ്ടിട്ടുള്ള കാര്യം പരാതിക്കാരിയുടെ ബന്ധു വിജയ് ബാബുവിനോട് പറയുന്നുമുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ ഒരു പ്രതികരണവും നടത്തില്ലെന്ന പ്രഖ്യാപനവുമായി വിജയ് ബാബു രംഗത്തെത്തിയിട്ടുണ്ട്. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിജയ് ബാബുവിൻ്റെ പ്രഖ്യാപനം.
“എന്തു സംഭവിച്ചാലും പ്രകോപനങ്ങളില്‍ വീഴില്ല. മാധ്യമങ്ങള്‍ എങ്ങനെയൊക്കെ പ്രകോപിപ്പിച്ചാലും കോടതി നിര്‍ദേശം പ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണത്തോട് നൂറു ശതമാനം സഹകരിക്കുന്നു. ഒടുവില്‍ സത്യം ജയിക്കും. നിശബ്ദതയാണ് ഏറ്റവും നല്ല മറുപടി” എന്നായിരുന്നു വിജയ് ബാബുവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. ടോള്‍ ഫ്രീ നമ്പര്‍: 1056)