ചലച്ചിത്രതാരം അംബിക റാവു അന്തരിച്ചു
ചലച്ചിത്രതാരം അംബിക റാവു അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇവര്‍ ഏറെക്കാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. 20 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംബികാ റാവു നിരവധി ചിത്രങ്ങളില്‍ പ്രമുഖ സംവിധായകര്‍ക്കൊപ്പം സഹസംവിധായികയായിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത കൃഷ്ണ ഗോപാല്‍കൃഷ്ണ എന്ന ചിത്രത്തില്‍ സഹസംവിധായികയായാണ് അംബികയുടെ അരങ്ങേറ്റം. പിന്നീട് ഹലോ, ബിഗ് ബി, മായാബസാര്‍, കോളേജ് കുമാരന്, റോമിയോ, പൊസിറ്റീവ്, 2 ഹരിഹര്‍ നഗര്‍, ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, തിരുവമ്പാടി തമ്പാന്, ഫേസ് 2 ഫേസ്, 5 സുന്ദരികള്‍, തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം അനുരാഗ കരിക്കിന് വെള്ളം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റായും പ്രവര്‍ത്തിച്ചു.
കുമ്പളങ്ങി നൈറ്റ്സിന് പുറമേ വൈറസ്, അനുരാഗ കരിക്കിന്‍വെള്ളം, ഗ്രാമഫോണ്‍, മീശമാധവന്, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പുന്റെയും, അന്യര്‍, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലര്‍, വെട്ടം, രസികന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, അച്ചുവിന്റെ ‘അമ്മ, കൃത്യം, ക്ലസ്മേറ്റ്സ്, കിസാന്‍, പരുന്ത്, സീതാകല്യാണം, ടൂര്‍ണമെന്റ്, സാള്‍ട്ട് & പെപ്പര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇതരഭാഷാ നടിമാരെ മലയാളം ഡയലോഗുകള്‍ പഠിക്കാന്‍ സഹായിച്ചിരുന്ന ഇവര്‍ ദി കോച്ച് എന്നായിരുന്നു സിനിമാ മേഖലയില്‍ അറിയപ്പെട്ടിരുന്നത്. തൃശൂര്‍ സ്വദേശിനിയാണ്.
Content Highlights: Ambika Rao, Death, Malayalam Cinema, Kumbalangi Nights, Assistant Director