ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജി തള്ളി
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി തള്ളി. വിചാരണക്കോടതിയാണ് ജാമ്യം തള്ളിയത്. രണ്ടാമത്തെ തവണയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്. ആദ്യ ഹര്‍ജി കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്, മൊബൈല്‍ ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് ജാമ്യം റദ്ദാക്കാന്‍ കാരണമായി പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഏപ്രില്‍ നാലിനാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടന്നുവെന്നത് ഉള്‍പ്പെടെയുള്ള വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. സാക്ഷികളെ സ്വാധീനിച്ചുവെന്നതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷന് കോടതിയില്‍ ഉന്നയിച്ചത്.
Content Highlights: Dileep, Actress Assault Case, Court, Bail