തോക്കെടുത്തു കളിച്ച എട്ടു വയസുകാരന് ഒരു വയസുകാരിയെ കൊലപ്പെടുത്തി; അച്ഛന് അറസ്റ്റില്‍
അച്ഛന്റെ തോക്കെടുത്തു കളിച്ച എട്ടു വയസുകാരന് ഒരു വയസുകാരിയെ വെടിവെച്ചു കൊലപ്പെടുത്തി. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അച്ഛന് റോഡെറിക്ക് റാന്‍ഡാല്‍ എന്ന 45കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായും അശ്രദ്ധമായും ആയുധം സൂക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള റാന്ഡാലിന് തോക്ക് കൈവശം വെക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുള്ളതാണ്. തന്റ ഗേള്‍ ഫ്രണ്ടിനെ കാണാന്‍ അവര്‍ താമസിച്ചിരുന്ന മോട്ടലില്‍ റാന്‍ഡാല്‍ മകനുമായെത്തിയപ്പോളാണ് സംഭവം.
കാമുകിക്കൊപ്പം രണ്ടു വയസുകാരായ ഇരട്ടക്കുട്ടികളും ഒരു വയസുള്ള പെണ്‍കുഞ്ഞും ഉണ്ടായിരുന്നു. റാന്‍ഡാല്‍ ഇതിനിടെ പുറത്തേക്ക് പോയി. തോക്ക് മുറിയില്‍ ഒളിപ്പിച്ചു വെച്ചതിന് ശേഷമാണ് ഇയാള്‍ പോയത്. എന്നാല്‍ തോക്ക് എവിടെയാണെന്ന് അറിയാമായിരുന്ന മകന് അതെടുക്കുകയും ഒരു വയസുകാരിയുടെ നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഈ സമയത്ത് റാന്ഡാലിന്റെ കാമുകി ഉറങ്ങുകയായിരുന്നു. കുഞ്ഞിന്റെ ശരീരം തുളച്ചു കടന്ന വെടിയുണ്ട ഇരട്ടകളില്‍ ഒരാളുടെ ശരീരത്തിലും പതിച്ചു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിനു ശേഷം റാന്‍ഡാല്‍ തോക്കും കൈവശമുണ്ടായിരുന്ന മയക്കുമരുന്നെന്ന് കരുതുന്ന വസ്തുവും ഒളിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Content Highlights: Gun, Shoot, Murder, Toddler, Death