യാത്രക്കാരുടെ സംതൃപ്തി സർവേയിൽ കൊച്ചി വിമാനത്താവളത്തിന് ചരിത്ര നേട്ടം
യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് നേട്ടവുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ). ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) നടത്തിയ യാത്രക്കാരുടെ സംതൃപ്തിയിൽ സർവേയിലാണ് സിയാൽ അഞ്ചിൽ 4.99 എന്ന സ്കോർ നേടിയത് . വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
2022-ൻ്റെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്താവളങ്ങളിലാണ് എസിഐ സർവ്വേ നടത്തിയത്. ഓരോ വിമാനത്താവളങ്ങളിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമായിരുന്നു ആദ്യപാദ സർവേയിൽ പരിഗണിച്ച പ്രധാന ഘടകങ്ങൾ. എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായത്തിലുള്ള യാത്രക്കാരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എസിഐ വിശദമായി നടത്തുന്ന സർവേയാണിത്.
അഞ്ച് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്. വിമാനത്താവളങ്ങളുടെ ശുചിത്വം, സുരക്ഷ സംവിധാനങ്ങൾ, വാഷ്റൂം/ടോയ്ലറ്റുകളുടെ ലഭ്യത, ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം, എയർപോർട്ടിലെത്താനുള്ള സൗകര്യം തുടങ്ങിയവയായിരുന്നു മാനദണ്ഡങ്ങൾ.
സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്കിന് കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് പറഞ്ഞു.
“കോവിഡ് സമയത്ത് വിമാനത്തിലെ ശുചിത്വ പരിപാലന സംവിധാനത്തിൽ ഏറെ പുതുമകൾ ഏർപ്പെടുത്തി. അൾട്രാ വയലറ്റ് അണു നശീകരണ സംവിധാനം, സെൽഫ് ബാഗേജ് ഡ്രോപ്പ് മെഷീനുകൾ, നിയന്ത്രിത ഫ്യൂമിഗേഷൻ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ടെർമിനലുകളിൽ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ബോർഡിന്റെയും നിർദ്ദേശ പ്രകാരം, നിരന്തരമായ ഗുണനിലവാര പരിശോധന സംവിധാനത്തിന് തുടക്കമിട്ടിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള വിമാനത്താവളം എന്ന ഖ്യാതി സിയാലിനെ തേടിയെത്തി. കണക്ടിവിറ്റി വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും ഫലം കണ്ടു. എയർലൈനുകളുമായി നടത്തിയ കാര്യക്ഷമമായ ഏകോപനത്തിലൂടെ സർവിസുകളുടെ കൃത്യത ഉറപ്പാക്കാൻ കഴിഞ്ഞു. ഇതിന്റെയൊക്കെ ഫലമായാണ് എസിഐ സർവേയിൽ യാത്രക്കാർ സംതൃപ്തി രേഖപ്പെടുത്തിയത് എന്ന് കരുതുന്നു. കൂടുതൽ വിമാന സർവിസുകൾ എത്തിക്കാൻ നിരവധി പദ്ധതികൾ ഈ വർഷത്തിന്റെ തുടക്കം മുതൽ തന്നെ തയ്യാറാക്കപ്പെട്ടിരുന്നു . ഇവയിൽ പലതും ലക്ഷ്യം കണ്ട് തുടങ്ങിട്ടുണ്ട് . കഴിഞ്ഞ ഒരു മാസത്തിനുളിൽ മാത്രം ഗോ ഫസ്റ്റ് എന്ന വിമാന കമ്പനി 3 അന്താരാഷ്ട്ര സർവീസുകളാണ് കൊച്ചിയിൽ നിന്നും തുടങ്ങിയത്,” സുഹാസ് കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി കാലത്ത് നടപ്പാക്കിയ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയവും ഫിക്കിയും ചേർന്ന് ഏർപ്പെടുത്തിയ ‘കോവിഡ് ചാമ്പ്യൻ’ അവാർഡിന് സിയാൽ അർഹമായിരുന്നു .കൂടാതെ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡും വോയ്സ് ഓഫ് ദി കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സിയാൽ കൈവരിച്ചിരുന്നു .