എകെജി സെന്റര്‍ ബോംബാക്രമണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്; പങ്കില്ലെന്ന് സതീശന്, ജയരാജന്റെ രാഷ്ട്രീയ നാടകമെന്ന് സുധാകരന്
എകെജി സെന്ററിന് നേരെ വ്യാഴാഴ്ച രാത്രിയുണ്ടായ ബോംബാക്രമണത്തില്‍ ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്ക്കുമ്പോള് വിഷയം തിരിച്ചു വിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമോയെന്ന് സതീശന് ചോദിച്ചു. പോലീസ് അന്വേഷിച്ചു തീരുമാനിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി വരുന്നതിന് തലേന്ന് ആക്രമിക്കുമെന്ന് സാമാന്യബുദ്ധിയുള്ള മലയാളി വിശ്വസിക്കില്ലെന്നും ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന പ്രസ്താവന പോലും നേരത്തേ തയ്യാറാക്കി വെച്ചതാണെന്നും സതീശന് പറഞ്ഞു.
ബോംബേറ് ഇ പി ജയരാജന്റെ രാഷ്ട്രീയ നാടകമാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണം. ആക്രമണത്തിന് പിന്നില്‍ ജയരാജന്റെ തിരക്കഥയാണ്. അക്രമികള്‍ കോണ്‍ഗ്രസുകാരാണെന്ന് ജയരാജനാണ് പ്രഖ്യാപിച്ചത്. ഇതിന് എന്തു തെളിവാണുള്ളതെന്നും ക്യാമറയില്‍ ദൃശ്യങ്ങളുണ്ടോയെന്നും സുധാകരന് ചോദിച്ചു. ഗുണ്ടാബന്ധമുള്ള ജയരാജന് ആസൂത്രണം ചെയ്തതാണ് എകെജി സെന്റര്‍ ആക്രമണം. സിപിഎമ്മിന് ഇതില്‍ അറിവുണ്ടെന്ന് താന്‍ പറയില്ല. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ചിന്തിക്കാത്ത കാര്യമാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
വ്യാഴാഴ്ച രാത്രി 11.25ഓടെയാണ് എകെജി സെന്ററിനോട് ചേര്‍ന്നുള്ള എകെജി ഹാളിന്റെ ഗെയിറ്റില്‍ സ്ഫോടനമുണ്ടായത്. കുന്നുകുഴി ഭാഗത്തു നിന്ന് ഇരുചക്രവാഹനത്തില്‍ എത്തിയ അക്രമി ബോംബ് എറിഞ്ഞ ശേഷം തിരികെ അതേ ഭാഗത്തേക്കു തന്നെ വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സംഭവം കാണാമെങ്കിലും അക്രമിയുടെ മുഖമോ വാഹനത്തിന്റെ നമ്പറോ വ്യക്തമല്ല. പ്രതിയെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനത്തിന് എത്തിയ സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രതയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
Content Highlights: AKG Centre, Bomb, Blast, Congress, Response