കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശ! വിവാദ പ്രസ്താവന നടത്തി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ വിക്കി അവാര്‍ഡ് വിതരണച്ചടങ്ങിലാണ് വിദ്യാഭ്യാസമന്ത്രിയുടെ വിവാദ പ്രസ്താവന. കേരളത്തിലെ എപ്ലസുകളുടെ എണ്ണം ദേശീയ തലത്തില്‍ തമാശയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തവണ ഫലം നിലവാരമുള്ളതാക്കിത്തീര്ത്തുവെന്നും ശിവന്‍കുട്ടി പറഞ്ഞു.
1,25,509 പേര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷം എ പ്ലസ് ലഭിച്ചത്. 99.47 ആയിരുന്നു വിജയശതമാനം. 2020നേക്കാള്‍ 0.65 ശതമാനം അധികം പേര് അധികം വിജയിച്ച 2021ലാണ് എസ്എസ്എല്‍സി ഫലം ചരിത്രത്തില്‍ ആദ്യമായി 99 ശതമാനം കടന്നത്. 2947 പരീക്ഷാ കേന്ദ്രങ്ങളിലായി 4,21,887 വിദ്യാര്‍ത്ഥികളായിരുന്നു 2021ല്‍ പരീക്ഷയെഴുതിയത്.
ഇവരില്‍ 4,19,651 പേര് ഉന്നതപഠനത്തിന് അര്‍ഹത നേടി. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു ഘട്ടങ്ങളിലായാണ് കഴിഞ്ഞ വര്‍ഷം പരീക്ഷ പൂര്‍ത്തിയാക്കിയത്. വിജയ ശതമാനം വര്‍ദ്ധിച്ചതോടെ പ്ലസ് വണ്‍ പ്രവേശനത്തില്‍ അടക്കം അനിശ്ചിതത്വം നേരിട്ടിരുന്നു.
Content Highlight: SSLC, V Sivankutty, Education Minister