ഉദയ്പൂർ കൊലപാതകം: പ്രതികൾ ഉപയോഗിച്ച ബൈക്കിൻ്റെ നമ്പർ 2611; മുംബൈ ഭീകരാക്രമണത്തിൻ്റെ തീയതിയെന്ന് പൊലീസ്
ഉദയ്പുരിലെ തയ്യല്ക്കടക്കാരന് കനയ്യ ലാലിനെ തലയറുത്തു കൊന്നതിന് പിടിയിലായ പ്രതികള്‍ ഉപയോഗിച്ച ബൈക്കിന്റെ നമ്പര്‍പ്ലേറ്റിലും ദുരൂഹതയുണ്ടെന്ന് പോലീസ്. മുംബൈ ഭീകരാക്രമണത്തിൻ്റെ തീയതി സൂചിപ്പിക്കുന്ന 2611 എന്ന പ്രത്യേക നമ്പര്‍ കിട്ടാന്‍ പ്രതികള്‍ മോട്ടോർ വാഹന വകുപ്പിന് അധിക പണം നല്‍കിയെന്നും ഇതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. 2008 നവംബർ 26ന് (26/11) ആയിരുന്നു മുംബൈ ഭീകരാക്രമണം നടന്നത്.
കനയ്യലാലിനെ കൊലപ്പെടുത്തിയ ശേഷം പ്രതികളായ ഗോസ് മുഹമ്മദും റിയാസ് അക്താരിയും രക്ഷപ്പെടാനുപയോഗിച്ചത് RJ AS 2611 എന്ന നമ്പരുള്ള മോട്ടോർ ബൈക്കിലായിരുന്നു. രാജ്സാമണ്ഡ് ജില്ലയിലെ ഭീം എന്ന സ്ഥലത്തുള്ള പൊലീസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഉദയ്പൂരിലെ ധൻ മണ്ഡി പൊലീസ് സ്റ്റേഷനിലാണ് ഈ ബൈക്ക് ഇപ്പോൾ ഉള്ളത്.
കൊലചെയ്യപ്പെട്ട ദിവസത്തേയും പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വിവരങ്ങളേയും കണക്കുകൂട്ടുമ്പോഴും വണ്ടി നമ്പറുമായി ചില ദുരൂഹബന്ധങ്ങൾ കണ്ടെത്താൻ കഴിയുന്നുണ്ടെന്നാണ് പൊലീസിൻ്റെ വാദം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കനയ്യലാലിന്റെ ശരീരത്തില്‍ 26 പരിക്കുകളുണ്ട്. മാത്രമല്ല 28-ാം തീയതിയാണ് കനയ്യലാല്‍ കൊല്ലപ്പെടുന്നത്. ഇത് ബൈക്കിന്റെ ആദ്യ രണ്ട് അക്കവും അടുത്ത രണ്ട് അക്കവും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയുമാണെന്ന് പോലീസ് പറയുന്നു.
2013-ല്‍ എച്ച്.ഡി.എഫ്.സിയില്‍ നിന്ന് ലോണെടുത്താണ് പ്രതികളിലൊരാളായ റിയാസ് അക്താരി ഈ ബൈക്ക് വാങ്ങിയത്. ഇതേ നമ്പര്‍ കിട്ടാന്‍ 5000 രൂപ അധികം നല്‍കുകയും ചെയ്തു. 2014 മാര്‍ച്ച് മുതല്‍ ബൈക്കിന് ഇന്‍ഷൂറന്‍സ് ഇല്ലെന്നും പോലീസ് പറയുന്നു.
മുഹമ്മദ് നബിയെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചുവെന്നതിന്റെ പേരിലായിരുന്നു കനയ്യ ലാലിനെ പ്രതികൾ കൊലപ്പെടുത്തിയത്.