ഗാന്ധി ചിത്രം നിലത്തിട്ട സംഭവം പോലീസ് അന്വേഷിക്കുന്നു-മുഖ്യമന്ത്രി
വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമത്തിൽ ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും
വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന് നോട്ടീസിനുളള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ജൂൺ 24 ന് വയനാട് എം പി.യുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ഏതാനും പ്രവര്‍ത്തകര്‍ എം.പി.യുടെ ഓഫീസി ലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഈ സംഭവത്തിന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ക്രൈം.നം. 534/22 ആയി ഒരു കേസും എം.പി. ഓഫീസിലെ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം.നം. 535/22 ആയി മറ്റൊരും കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസിന്റെ അന്വേഷണത്തില്‍ ജൂൺ 24 ന് വൈകുന്നേരം 3.54 ഓടെ എം.പി.യുടെ ഓഫീസില്‍ അതിക്രമിച്ചു കടന്ന പ്രവര്‍ത്തകരെയെല്ലാം ഓഫീസില്‍ നിന്നും പുറത്താക്കിയിരുന്നു. അതിനുശേഷം വൈകുന്നേരം 4.04 ഓടെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഫോട്ടോഗ്രാഫര്‍ സംഭവസ്ഥലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാന ത്തുതന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മലയാളം വാർത്ത ചാനലുകള്‍ ഇതേ സമയത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടിവി ചാനലുകള്‍ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫിസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത് വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു.
Content Highlight : Pinarayi Vijayan, Kerala Police, Gandhi’s picture