ശിവന്റെ വേഷത്തിലെത്തി പ്രതിഷേധം; യുവാവിനെതിരെ കേസെടുത്തു
അസമിൽ അവശ്യസാധനങ്ങളുടെ വിലവര്‍ധനവിൽ പ്രതിഷേധിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവന്റെ വേഷം ധരിച്ചായിരുന്നു ബിരിഞ്ചി ബോറ എന്ന യുവാവിന്റെ ആക്ഷേപ ഹാസ്യ രൂപത്തിലുള്ള പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ശനിയാഴ്ച നഗാവിലായിരുന്നു യുവാവിന്റെ പ്രതിഷേധം. പാര്‍വതിയുടെ വേഷമിട്ട പരിഷ്മിതയോടൊപ്പം ശിവന്റെ വേഷഭൂഷാദികളോടെ ബൈക്കിലെത്തിയ ബിരിഞ്ചി ബൈക്ക് നിര്‍ത്തി പെട്രോള്‍ തീര്‍ന്നതായി അഭിനയിച്ചു കൊണ്ട് മോദി സര്‍ക്കാരിന് കീഴില്‍ ഇന്ധനവില വർധിക്കുന്നതിൽ പ്രതിഷേധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ശിവനും പാര്‍വതിയും തമ്മിലുള്ള കലഹത്തിന്റെ രൂപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും വിലവര്ധനവിനെതിരെയും ബിരിഞ്ചി ശബ്ദമുയര്‍ത്തി. വിലക്കയറ്റത്തിനെതിരെ പ്രതികരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇരുവരുടേയും പ്രതിഷേധത്തിന് കാണികളേറുകയും പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
സംഭവത്തിനെതിരെ വിശ്വഹിന്ദു പരിഷത്, ബജ്രംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതായും മതത്തെ ദുരുപയോഗപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി ബിരിഞ്ചിയ്ക്കെതിരെ സംഘടനകള്‍ പരാതി നല്കി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നഗാവ് സദര്‍ പോലീസ് ബിരിഞ്ചിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടയച്ചു.
Content Highlights: Protest against central Government, Lord Shiva