ഇന്ന് ലോക ജനസംഖ്യാദിനം
ആഗോള ജനസംഖ്യാ പ്രശനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോകജനസംഖ്യാ ദിനം ആചരിക്കുന്നു. 1987 ജൂലൈ 11 നാണ് ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓർമയ്ക്ക് ആദ്യമായി ജനസംഖ്യാ ദിനം ആചരിച്ചത്. “8 ബില്ല്യണുകളുടെ ഒരു ലോകം: എല്ലാവർക്കും ഒരു സുസ്ഥിരമായ ഭാവിയിലേക്ക് – അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക” എന്നതാണ് ഈ വർഷത്തെ പ്രമേയം. ചർച്ചകൾ, സെമിനാറുകൾ, പൊതുമത്സരങ്ങൾ, വിദ്യാഭ്യാസ സെഷനുകൾ, മുദ്രാവാക്യങ്ങൾ, പാട്ടുകൾ തുടങ്ങിയവ സംഘടിപ്പിച്ചാണ് ആഗോളതലത്തിൽ ഈ ദിനം ആഘോഷിക്കുന്നത്.
1999ൽ ലോക ജനസംഖ്യ 600 കോടിയും 2011ൽ 700 കോടിയും കടന്നു. യു.എന്നിന്റെ വിലയിരുത്തൽ ഈ വർഷം നവംബർ 15 നു ലോക ജനസംഖ്യ 800 കൊടിയിലെത്തുമെന്നാണ്. 2023ൽ ചൈനയെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് തിങ്കളാഴ്ച്ച യു.എൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2030ൽ 8.6 ബില്യണിലേക്കും 2050ൽ 9.7 ബില്യണിലേക്കും എത്തുമെന്നും 2100ൽ 11ബില്യണായി ഉയരാൻ സാധ്യത ഉണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
അടുത്ത പത്തുവർഷത്തിൽ ലോക ജനസംഖ്യാ വർധനവിന്റെ പകുതിയിൽ കൂടുതലും എട്ടു രാജ്യങ്ങളിലായിരിക്കുമെന്നാണ് സൂചന. ഈജിപ്ത് , കോംഗോ, ഇന്ത്യ, നൈജീരിയ, എത്യോപ്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ടു രാജ്യങ്ങളിലാണ് ജനസംഖ്യയിൽ കാര്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് യുഎൻ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Content Highlights – world population day, eight billion, resilient future