വില കുറഞ്ഞ മീൻ വേണ്ട! മുഖം തിരിച്ച് പെൻഗ്വിൻ, തുപ്പിക്കളഞ്ഞ് നീർനായ വൈറൽ ആയി വീഡിയോ
കോവിഡ് കാലവും ലോക്ക്ഡൗണും കൂടാതെ വിലക്കയറ്റമടക്കമുള്ള കാര്യങ്ങളാൽ ലോകത്തിലെ മിക്ക രാജ്യങ്ങളുടേയും സാമ്പത്തിക പ്രതിസന്ധിക്ക് കോട്ടം തട്ടിയിട്ടുണ്ട്. ജനങ്ങൾ വളരെ കഷ്ടപ്പാടിലാണ് ഓരോ ദിനവും മുന്നോട് തള്ളിനീക്കുന്നത് എന്നാൽ ജനങ്ങൾ മാത്രമല്ല ജനങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന മൃഗങ്ങളേയും ഇക്കാര്യങ്ങൾ സാരമായി ബാധിച്ചിട്ടുണ്ട്.
അതിന്റെ പ്രത്യക്ഷ തെളിവാണ് ജപ്പാനിൽ നിന്നുമുള്ള ഈ വൈറലായ വീഡിയോ. ജപ്പാനിലെ അക്വേറിയത്തിലുള്ള ചില പെൻഗ്വിനുകൾ വില കുറഞ്ഞ മത്സ്യം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നതാണ് പുറത്തു വരുന്ന റിപ്പോർട്ട്. വില കൂടിയ മത്സ്യങ്ങൾ കഴിച്ച് ശീലിച്ച അക്വേറിയത്തിലെ പെൻഗ്വിനുകളും നീർനായകളുമെല്ലാം ഇപ്പോൾ വില കുറഞ്ഞ മത്സ്യം കഴിക്കാൻ വിസമ്മതിക്കുകയാണ്.
ജപ്പാനിലെ കനഗാവ മേഖലയിലുള്ള ഹാകോണിയൻ അക്വേറിയത്തിലാണ് സംഭവം. ഇവിടെയുള്ള പെൻഗ്വിനുകളും നീർനായകളും സാമാന്യം വിലയുള്ള ഹോഴ്സ് മാക്വറൽ പോലെയുള്ള മത്സ്യങ്ങളാണ് എന്നും കഴിച്ചിരുന്നത്. അജി എന്നാണ് ജാപ്പനീസ് ഭാഷയിൽ ഇവ അറിയപ്പെടുന്നത്. എന്നാൽ വിലക്കയറ്റം അക്വേറിയം അധികൃതരെ ഞെരുക്കത്തിലാക്കിയതോടെ വില കൂടിയ മീനുകൾ നൽകുന്നതു നിർത്തി പകരം വില കുറഞ്ഞ മീനുകൾ പെൻഗ്വിനുകൾക്ക് നൽകാൻ അക്വേറിയം അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ഇതോടെയാണു ചില പെൻഗ്വിനുകൾ ഭക്ഷണം കഴിക്കാൻ മടി കാട്ടിത്തുടങ്ങിയത്.
അക്വേറിയം അധികൃതർ ഇവരുടെ വായിലേക്കു മീനുകളിൽ വച്ചുകൊടുക്കുമ്പോൾ ഇവ മീനുകളിൽ കടിക്കുമെങ്കിലും തങ്ങളുടെ സ്ഥിരം ഭക്ഷണമല്ലെന്ന് മനസിലാക്കി തുപ്പിക്കളയുകയാണു ചെയ്യുന്നതെന്ന് അക്വേറിയം മേധാവി ഹിരോകി ഷിമമോട്ടോ പറയുന്നു. തീരെ കഴിക്കാത്തവയ്ക്ക് രഹസ്യമായി അജി മത്സ്യങ്ങൾ തന്നെ നൽകുന്നുണ്ടെന്നും ഹിരോകി കൂട്ടിച്ചേർത്തു.
പെൻഗ്വിനുകൾ മാത്രമല്ല, ഒട്ടറുകൾ എന്നറിയപ്പെടുന്ന നീർനായ വംശത്തിലുള്ള ജീവികളും ഭക്ഷണം നിരസിക്കുകയാണെന്നാണ് റിപ്പോർട്ട്. പെൻഗ്വിനുകൾ തുപ്പിക്കളയുകയാണെങ്കിൽ ഓട്ടറുകള് മീനിനെ കടിച്ചുകുടഞ്ഞു ദൂരേക്കെറിയുകയാണ് ചെയുന്നത്. പെൻഗ്വിനുകളും ഓട്ടറുകളും സീലുകളും സ്രാവുകളുമൊക്കെയായി 32,000 മൃഗങ്ങളാണ് ഈ അക്വേറിയത്തിലുള്ളത്
Content Highlights: fish, face-turning penguin, Aquarium