മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി; ജയിലിൽനിന്ന് ഇറങ്ങാനാവില്ല
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യു പിയിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ലഭിച്ച ഇടക്കാല ജാമ്യമാണ് നീട്ടിയത്. എന്നാൽ ഡൽഹിയിലും ലഖിംപൂരിലും രജിസ്റ്റർ ചെയ്ത കേസുകളിൽ മുഹമ്മദ് സുബൈറിന് ജാമ്യം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ജയിലിൽനിന്ന് ഇറങ്ങാനാവില്ല.
പ്രകോപന പ്രസംഗങ്ങൾ നടത്തിയ ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ് സരസ്വതി, ബജറംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വിദ്വേഷ പ്രചാരകരെന്ന് വിശേഷിപ്പിച്ച് സുബൈർ ട്വീറ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തലാണെന്ന് ആരോപിച്ചാണ് സീതാപൂർ പൊലീസ് കേസെടുത്തത്.
ജൂലൈ 14വരെ സുബൈറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ ആണ് യു പിയിലെ കോടതി ഉത്തരവ് ഇറക്കിയിരുന്നത്. അതിനെ തുടർന്നാണ് സുബൈർ സുപ്രിംകോടതിയെ സമീപിച്ചതും. ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരുടെ ബെഞ്ച് സുബൈറിന് അഞ്ച് ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ യു.പി സർക്കാറിന് വേണ്ടി ഹാജരായ എസ്.വി രാജു എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ആവശ്യം അംഗീകരിച്ച കോടതി സർക്കാറിന് നാലാഴ്ച സമയം അനുവദിച്ചു. സെപ്റ്റംബർ ഏഴിനാണ് ഇനി കേസ് പരിഗണിക്കുക.
Content Highlight: Alt News co founder Mohammed Zubair, Bail Extended, Supreme Court