മുന്‍ കേരള രഞ്ജി ക്രിക്കറ്റ് നായകന് ഒ കെ രാംദാസ് അന്തരിച്ചു
കേരള ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് ഒ കെ രാംദാസ് അന്തരിച്ചു. തലശ്ശേരി സ്വദേശിയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി ഉള്‍പ്പെടെ നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്.
കേരളത്തിന് വേണ്ടി 35 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച രാംദാസ് 11 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 1,647 റണ്‍സ് നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ 13 സീസണുകളില്‍ കേരളത്തിനുവേണ്ടി കളിക്കാന്‍ രാം ദാസിന് സാധിച്ചു. 1968 മുതല്‍ 1981 വരെ കേരള ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്നു.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ സീനിയര്‍ മാനേജരായിരുന്നു. ഈ കാലയളവിൽ ബാങ്കുമായി ബന്ധപ്പെട്ട് ടൂര്‍ണമെന്റുകളില്‍ സജീവസാന്നിധ്യമായി. പരിശീലകനായും മാനേജരായും ക്രിക്കറ്റിനൊപ്പം തുടർന്നു.
കേരള ക്രിക്കറ്റ് അസോസിയേഷനിലും രാംദാസ് സജീവമായിരുന്നു. കെ സി എയുടെ അംഗമായും പിന്നീട് സെലക്ഷന് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി മാച്ച് റഫറി, ദൂരദര്‍ശനില്‍ കമന്റേറ്റര്‍ എന്നീ നിലകളിലും രാംദാസ് പ്രശസ്തി നേടി. കണ്ണൂർ ജില്ലയിലെ തലശ്ശേരിയാണ് സ്വദേശം. വർഷങ്ങളായി തിരുവനന്തപുരത്താണ് സ്ഥിര താമസം.
Content Highlight: OK Ramdas, Kerala Ranji Trophy Captian, Sports News