അവഹേളന പരാമര്‍ശം; ഡൽഹിയിലുള്ള ആനിരാജയുടെ വിമർശനം കാര്യമാക്കുന്നില്ലന്ന് എം.എം മണി
വീണ്ടും അവഹേളന പരാമര്‍ശവുമായി സി.പി.ഐ.എം നേതാവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി. ഡൽഹിയിലുള്ള സി.പി.ഐ നേതാവ് ആനിരാജയുടെ വിമർശനം കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ മണി കെ.കെ രമക്കെതിരെ സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും കൂട്ടിച്ചേർത്തു.
വടകര എം.എല്‍.എ കെ.കെ രമക്കെതിരെ എം.എം മണി എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് എം.എം. മണിയുടെ വിവാദ പരാമര്‍ശം ഉയര്‍ന്നത്. ”ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല” എന്നുമാണ് എം.എം. മണി പറഞ്ഞത്.
അതെ സമയം മണി പറഞ്ഞത് പോലെ മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് തന്റേതെന്നും എം.എം മണിക്ക് മറുപടിയുമായി ആനിരാജ ഡൽഹിയിൽ പറഞ്ഞു. കമ്യൂണിസ്റ്റുകാരന് എന്ന നിലയിൽ യോജിക്കാത്ത പരാമർശങ്ങളാണ് എം എം മണി നടത്തിയതെന്ന് ഇന്നലെ ആനി രാജ പറഞ്ഞിരുന്നു. വാദങ്ങളിൽ ജയിക്കാൻ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ് എന്ന് നേതാക്കൾ തിരിച്ചറിയണമെന്നും ഇന്നലെ ആനി രാജ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എം.എം. മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Derogatory reference, MM Mani, Aniraja’s criticism, Delhi