നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ സംയുക്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത്. ഭൂമി എന്ന് പേരുള്ള യോദ്ധാവായ നായികാ കഥാപാത്രത്തെയാണ് സംയുക്ത ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.
കയ്യിൽ ആയുധവുമായി, യോദ്ധാവിൻ്റെ വേഷത്തിൽ നിൽക്കുന്ന സംയുക്തയെ ആണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭയമെന്തെന്നറിയാത്ത ധീര വനിതയാണ് ചിത്രത്തിലെ ഭൂമി എന്ന കഥാപാത്രമെന്നും അവർ സൂചിപ്പിക്കുന്നു. സംയുക്തയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായി ഭൂമി മാറുമെന്നാണ് സൂചന.
ചിത്രത്തിന്റെ ആദ്യ ടീസർ, വാ വാ വീരവാ എന്ന ഗാനം എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മെഗാ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസർ, ഗാന രംഗങ്ങൾ എന്നിവ കാണിച്ചു തന്നു. ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തിൽ ഒരു ആകർഷകമായ ഇതിഹാസ യുദ്ധകഥയാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. സ്വയംഭൂവിന്റെ ഇതിഹാസ സമാനമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചകൾ സമ്മാനിക്കുന്ന ടീസറും, മനോഹരമായി ഒരുക്കിയ ആദ്യ ഗാനവും, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചനയാണ് നൽകുന്നത്.
കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”. ഒരു യോദ്ധാവിന്റെ ഗംഭീരമായ ലുക്കിലാണ് നിഖിലിനെ സ്വയംഭൂവിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഖിലിൻ്റെ ഗംഭീര ആക്ഷൻ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ ഉൾപ്പെടെ സൂചിപ്പിക്കുന്നത്. സംയുക്ത കൂടാതെ നഭാ നടേഷും ചിത്രത്തിലെ നായികയായി എത്തുന്നുണ്ട്. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ – രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.













