കണ്ണൂര് ജില്ലയിലെ ക്വാറികൾക്കുളള നിരോധനാജ്ഞ നീട്ടി
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ ക്വാറികൾക്കുള്ള വിലക്ക് നീട്ടി. നിരോധനം ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്. നിരോധനാജ്ഞ അവസാനിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടർ പുതിയ ഉത്തരവിറക്കിയത്. ചെങ്കൽ, കരിങ്കൽ ക്വാറികൾക്ക് പ്രവർത്തന വിലക്ക് ബാധകമാണ്.
കണ്ണൂർ ജില്ലയിൽ 11 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കണ്ണൂരിലെ കണിച്ചാർ, നെടുംപൊയിൽ മേഖലകളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു.
കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകും. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും
മധ്യ, കിഴക്കൻ അറബിക്കടലിലെ ചുഴലിക്കാറ്റും മഴയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
Content Highlights – Kannur, Ban on quarries extended