കേശവദാസപുരം കൊലപാതകം; പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രാഥമിക തെളിവെടുപ്പും ഇന്ന് നടന്നേക്കും. കൊലപാതകത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയില്‍ നിന്നാണ് ആര്.പി.എഫ് പിടികൂടിയത്. ഇയാള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരം പൊലീസിനും മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനയ്ക്കും കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആര്.പി.എഫ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും.
കഴിഞ്ഞ ദിവസമാണ് മനോരമ (68)യെ സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ദിനരാജ് മകളുടെ വീട്ടില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ മനോരമയുടെ വീടിന് സമീപം താമസിച്ചിരുന്നു. ബംഗാള്‍ സ്വദേശി ആദം അലി പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.