മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി; 56 കാരന് പിടിയില്‍
മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയിലേക്ക് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മുംബൈ പോലീസ് ബോറിവലിയില്‍ നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. വിഷ്ണു ഭൗമിക് എന്ന 56 കാരനെയാണ് പിടികൂടിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ആശുപത്രിയിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് നാലു തവണ വിളിച്ച് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്കി. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ഭൗമിക് പിടിയിലായത്.
പ്രതിയെ ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മുംബൈ പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായിരുന്നു.