17 ലക്ഷം രൂപ വിലവരുന്ന ചോക്ലേറ്റ് ബാറുകൾ മോഷണം പോയി
17 ലക്ഷം രൂപ വിലവരുന്ന ചോക്ലേറ്റ് ബാറുകൾ മോഷ്ടിച്ച് അജ്ഞാതർ. ചൊവ്വാഴ്ച ലഖ്നൗവിലെ ചിൻഹട്ട് ഏരിയയിലെ ഒരു ഗോഡൗണിൽ നിന്നാണ് മോഷണം പോയത്. പ്രമുഖ ബ്രാൻഡിന്റെ 150 ഓളം ചോക്ലേറ്റ് ബാറുകൾ ഉണ്ടായിരുന്നു. ഗോഡൗൺ ലഖ്നൗവിലെ ഒരു മൾട്ടിനാഷണൽ ചോക്ലേറ്റ് ബ്രാൻഡിന്റെ വിതരണക്കാരനായ വ്യവസായി രാജേന്ദ്ര സിംഗ് സിദ്ധുവിന്റേതായിരുന്നു. അടുത്തിടെ ചിൻഹട്ടിലെ പഴയ വീട്ടിൽ നിന്നും ഗോമതി നഗറിലെ വിഭൂതി ഖണ്ഡിലെ അപ്പാർട്ട്മെന്റിലേക്ക് സിദ്ധു താമസം മാറിയിരുന്നു. പിന്നീട് പഴയ വീടാണ് ഗോഡൗണായി ഉപയോഗിച്ചിരുന്നത്.
ചിൻഹട്ടിലെ അയൽവാസി ഗോഡൗണിന്റെ വാതിൽ ആരോ തകർത്തെന്ന് ഫോൺ വിളിച്ച് അറിയിച്ചതായി സിദ്ധു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് സിസിടിവികളുടെ ഡിജിറ്റൽ വീഡിയോ റെക്കോർഡറും അജ്ഞാതർ മോഷ്ടിച്ചതായി കണ്ടെത്തിയത്.
രാത്രിയിൽ ഒരു പിക്കപ്പ് ട്രക്കിന്റെ ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ അറിയിച്ചിരുന്നു. എന്നാൽ ഗോഡൗണിലേക്ക് ലോഡ് വന്നതാണെന്നാണ് അയൽവാസികൾ കരുതിയതെന്ന് പൊലീസ് പറഞ്ഞു. സ്റ്റോക്ക് രണ്ട് ദിവസം മുൻപാണ് എത്തിയതെന്നും നഗരത്തിലെ ചില്ലറ വ്യാപാരികൾക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെന്നും സിദ്ധു പറഞ്ഞു. പ്രദേശങ്ങളിലെ മറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും ലക്നൗ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സയ്യിദ് അബ്ബാസ് അലി അറിയിച്ചു.
Content Highlights – Chocolate bars, stolen, worth 17 lakhs