സൈഡ് കൊടുക്കാത്തതിന് ആക്രമണം; കൊച്ചിയില്‍ ബസ് ജീവനക്കാര്‍ അറസ്റ്റില്‍
കൊച്ചി, പറവൂരില്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കാറോടിച്ചയാളെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ പിടിയില്‍. പള്ളിപ്പുറം ചെറായി വാരിശേരി വീട്ടില്‍ ടിന്റു (40), പത്തനംതിട്ട, പെരുനാട് മുഴിക്കല്‍ വലിയ വീട്ടില്‍ നിന്നും ഇപ്പോള്‍ തൃക്കാക്കര കങ്ങരപ്പടിയില്‍ വാടകക്ക് താമസിക്കുന്ന മിഥുന് മോഹന്‍ (40) എന്നിവരെയാണ് നോര്‍ത്ത് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പറവൂര്‍ കണ്ണന്‍കുളങ്ങരയിലാണ് സംഭവമുണ്ടായത്.
കരുവേലിപ്പടി സ്വദേശി ഫര്‍ഹാനാണ് കുത്തേറ്റത്. ഫര്‍ഹാനും കുടുംബവും സഞ്ചരിച്ച കാര്‍ ബസിന് സെഡ് കൊടുത്തില്ലെന്ന് പറഞ്ഞത് ബസ് ജീവനക്കാരായ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഫര്ഹാന് കുത്തേല്‍ക്കുന്നത് കണ്ട് കുഴഞ്ഞുവീണ പിതാവ് ഫസലുദ്ദീന്‍ മരിച്ചിരുന്നു. കോഴിക്കോട്-വൈറ്റില റൂട്ടിലോടുന്ന നര്‍മദ ബസിലെ ജീവനക്കാരനാണ് മകന് ഫര്‍ഹാനെ ആക്രമിച്ചത്.
ബസിനു സൈഡ് കൊടുക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്ന്, കാറില്‍ ബസ് ഇടിപ്പിക്കുകയും കാറിന്റെ കണ്ണാടി പൊട്ടുകയും ചെയ്തു. തുടര്‍ന്ന് ഫര്ഹാന് മുന്നില്‍ കാര്‍ കൊണ്ടുവന്ന് ബസ് തടഞ്ഞു. തര്‍ക്കത്തിനിടയില്‍ ബസ് ജീവനക്കാരന് കത്തിയെടുത്തു. ഇയാള്‍ കുത്തുന്നത് തടഞ്ഞ ഫര്‍ഹാന്റെ കൈ മുറിഞ്ഞു. കാറിലിരുന്ന് ഇത് കണ്ട ഫസലുദീന് കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്.ഐമാരായ പ്രശാന്ത്. പി നായര്‍, ബിജു, എ.എസ്.ഐ അഭിലാഷ്, സി.പി.ഒ കൃഷ്ണലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.