പാലക്കാട് രാഷ്ട്രീയക്കൊല; കസ്റ്റഡിയിലെടുത്ത രണ്ടു പേരെ കാണാനില്ലെന്ന് പരാതി, അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതി
പാലക്കാട് രാഷ്ട്രീയക്കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് പരാതി. ഇവരുടെ അമ്മമാര്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
പരാതി പരിഗണിച്ച പാലക്കാട് ജില്ലാ കോടതി അന്വേഷണത്തിനായി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. ശനിയാഴ്ച ഉച്ചയോടെ കമ്മീഷന് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ അന്വേഷണം ആരംഭിച്ചു. പരാതിക്കാരായ അമ്മമാരും സ്റ്റേഷനിലെത്തി. ഷാജഹാന് വധക്കേസില്‍ എട്ടു പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിലെ പ്രതികളെല്ലാവരും ബിജെപി-ആര്‍എസ്എസ് അനുഭാവികളാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണെന്ന് എഫ്ഐആറിലും വ്യക്തമാക്കിയിരുന്നു.