കുറുപ്പ് 100 കോടി ക്ലബ്ബില്‍; ആഗോളതലത്തില്‍ ചിത്രം നേടിയത് 112 കോടി രൂപ
ദുല്‍ഖര്‍ സല്മാന് നായകനായി 2021ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് ആയിരുന്നു കുറുപ്പിന്റെ സംവിധായകന്. ഇപ്പോള്‍ മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടി ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നുവെന്ന വാര്‍ത്ത പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍. സംപ്രേഷണാവകാശം ഉള്‍പ്പെടെ ആഗോള തലത്തില്‍ 112 കോടിയാണ് ചിത്രം നേടിയത്.
സീ കമ്പനിക്കാണ് ചിത്രത്തിന്റെ സംപ്രേഷണാവകാശം നല്‍കിയിരിക്കുന്നത്. കുറുപ്പിന്റെ നാല് ഭാഷകളിലെ സാറ്റ്ലൈറ്റ് അവകാശത്തിനായി വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്ടൈന്മെന്റ്സും സീ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ഒരു റെക്കോര്‍ഡ് ബ്രേക്കിംഗ് ഡീലാണ് ഇത്. അത് നിങ്ങള്‍ എല്ലാവരും സിനിമയ്ക്ക് നല്കിയ സ്നേഹത്തിന്റെ സാക്ഷ്യമാണ്. എന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്റ്മെന്റ്സും സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിക്കൊണ്ടുള്ള കരാറില്‍ ഒപ്പിട്ടു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സംപ്രേഷണാവകാശമാണ് നല്‍കിയത്. 35 കോടി ആയിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്.
കോവിഡ് ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറന്നപ്പോള്‍ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രമായിരുന്നു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. 2021 നവംബറിലായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിരുന്നു റിലീസ്. കേരളത്തില്‍ മാത്രം 400ലേറെ തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത്.
Content highlights – 100 crore club, kurup, dulquer salman