കോഴിക്കോട് സംഘര്‍ഷം; സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നുവെന്ന് മേയര്‍
കോഴിക്കോട് ബീച്ചില്‍ ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന് കാരണമായ ഗാനമേളയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് മേയര്‍ ബീന ഫിലിപ്പ്. പാലിയേറ്റീവ് ധനസമാഹരണത്തിനായി സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്. സംഗീത പരിപാടിക്കായി സംഘാടകര്‍ അനുതി തേടിയിരുന്നില്ലെന്നും മേയര്‍ വ്യക്തമാക്കി. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ.പി.സി.) സംഘടിപ്പിച്ച പരിപാടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സീറ്റുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റ് കൊടുത്തിട്ടുണ്ടെന്നും സംഘാടകര്‍ നല്കിയ ടിക്കറ്റാണോ അതോ മറ്റാരെങ്കിലും ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് നല്‍കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും മേയര്‍ പറഞ്ഞു. പരിപാടി നടത്തിയവരുടെ പരിചയക്കുറവും പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ മുന്‍കരുതലുകള്‍ സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമായിരുന്നു. തോന്നുംപോലെ ടിക്കറ്റ് വില്പന നടത്തിയാല്‍ കയറാന്‍ പറ്റാത്ത ആളുകള്‍ പ്രശ്നമുണ്ടാക്കുക സ്വാഭാവികമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് വളരെ സംയമനത്തോടെയാണ് പെരുമാറിയത്. പോലീസിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വളരെ മോശം അവസ്ഥയിലേക്ക് പോകുമായിരുന്നുവെന്നാണ് കേട്ടതെന്നും മേയര്‍ പറഞ്ഞു. രാത്രി എട്ടരയോടെയാണ് ബീച്ചില്‍ സംഘര്‍ഷമുണ്ടായത്. പരിപാടി നടക്കുന്നയിടത്തേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ടിക്കറ്റെടുത്തവര്‍ ബഹളം വെച്ചു. സ്ഥലത്തുണ്ടായിരുന്ന എട്ടു പോലീസുകാരും വോളന്റിയര്‍മാരും ഇത് തടയാന്‍ ശ്രമിച്ചു. ഇതോടെ ജനക്കൂട്ടം പോലീസിനു നേരെ തിരിയുകയും പോലീസുകാര്‍ക്കുനേരെ കല്ലും മണലും വാരിയെറിയുകയും ചെയ്തു. പോലീസ് ലാത്തി വീശിയതോടെ ജനക്കൂട്ടം വിരണ്ടോടുകയായിരുന്നു. സംഭവത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.