ഇന്ത്യയില്‍ സോഷ്യൽ മീഡിയ വിലക്ക് വരുന്നു? നിയമ നിർമാണത്തിന് കേന്ദ്രം
കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഡിജിറ്റൽ ലോകത്ത് വൻ മാറ്റങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സർക്കാരും സുപ്രീം കോടതിയും. 18 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നത് പൂർണമായും തടയുന്നതിനായി ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ചട്ടങ്ങളിൽ ഉടൻ തന്നെ പുതിയ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നിർദേശത്തോട് പൂർണ്ണമായി യോജിച്ചുകൊണ്ടാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സർക്കാരിൻ്റെ ഈ സുപ്രധാന തീരുമാനം വ്യക്തമാക്കിയത്.
കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ ശക്തമായ പരാമർശം നടത്തി. അമേരിക്കൻ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള കമ്പനികൾ, അവിടുത്തെ പ്രായപരിധി മാനദണ്ഡങ്ങൾ (പലപ്പോഴും 13 വയസ്സ്) ഇന്ത്യൻ ഡിജിറ്റൽ ഇടത്തിലേക്ക് അടിച്ചേൽപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ നിയമപ്രകാരം പ്രായപൂർത്തിയാകാത്തവരുമായി ഉണ്ടാക്കുന്ന കരാറുകൾ അസാധുവാണ്. അതുകൊണ്ടുതന്നെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസായി നിജപ്പെടുത്താൻ കമ്പനികൾ ബാധ്യസ്ഥരാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ഇതിന് മറുപടിയായി, കമ്പനികൾ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചേ മതിയാകൂ എന്നും, ഇതിനായി നിയമപരമായ വലിയൊരു ചുവടുവെപ്പ് സർക്കാർ ഉടൻ നടത്തുമെന്നും സോളിസിറ്റർ ജനറൽ ഉറപ്പുനൽകി.













