തിരുവനന്തപുരത്ത് തോക്കു ചൂണ്ടി കവര്‍ച്ചാശ്രമം; പിന്നില്‍ വന്‍സംഘമെന്ന് പോലീസ്, ഒരാളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം നഗരത്തില്‍ നാട്ടുകാര്‍ക്കും പോലീസിനും നേരെ തോക്കുചൂണ്ടി മോഷ്ടാക്കള്‍ രക്ഷപ്പെട്ട സംഭവത്തില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പോലീസ്. രണ്ടുപേരില്‍ ഒരാളെയാണ് തിരിച്ചറിഞ്ഞത്. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് മോനിഷിനെയാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കു പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മോനിഷ് ഉള്‍പ്പെടുന്ന ആറംഗ സംഘം ഒരു മാസത്തോളമായി തിരുവനന്തപുരത്ത് താമസിച്ചു വരികയായിരുന്നു. തുണി വില്പ്പനക്കാരെന്ന വ്യാജേന കഴിഞ്ഞ മാസം 24ന് എത്തിയ സംഘം വീട് വാടകയ്ക്കെടുത്താണ് താമസിച്ചത്. മോനിഷിനൊപ്പം ഒരു യുവതിയും വഞ്ചിയൂരിലെ വാടകവീട്ടില്‍ താമസിച്ചിരുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. യുവതിക്കു വേണ്ടിയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.
വഞ്ചിയൂരിലെ വാടകവീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് കമ്പിപ്പാര, സ്ക്രൂ ഡ്രൈവറുകള്‍, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തി. തോക്കുചൂണ്ടല്‍ സംഭവത്തിന് പിന്നാലെ മോനിഷും യുവതിയും മറ്റുള്ളവരും ഒളിവില്‍ പോയിരിക്കുകയാണെന്ന്നപോലീസ് പറഞ്ഞു. ഇവര്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് കരുതുന്നത്.
തിങ്കളാഴ്ചയാണ് ഇടപ്പഴഞ്ഞിയില്‍ അടഞ്ഞുകിടന്ന വീട് കുത്തിത്തുറക്കാന്‍ മോനിഷും കൂട്ടാളിയും ശ്രമിച്ചത്. ഇതുകണ്ട നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തോക്കു ചൂണ്ടി കടന്നുകളയുകയായിരുന്നു. ഇവരെ പിന്തുടര്ന്നെത്തിയ പോലീസിനു നേരെയും തോക്കു ചൂണ്ടി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
Content highlights – Thiruvananthapuram, robbery at gunpoint, identified