നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ്
പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ സഹോദരനുമായി പി സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് നടത്തിയ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
റിമാന്‍ഡില്‍ കഴിയുന്നതിനിടെ ദിലീപിനെ ഷോണ്‍ ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇവര്‍ അംഗങ്ങളായ ഒരു വാട്സാപ്പ് ഗ്രൂപ്പും അതിലെ ചാറ്റുകളും സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു. മഞ്ജു വാര്യര്‍, ഡിജിപി ബി സന്ധ്യ എന്നിവരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുള്ള വാട്സാപ്പ് ഗ്രൂപ്പാണ് ഇതെന്നാണ് വിവരം. അനൂപിന്റെ ഫോണില്‍ ഈ ഗ്രൂപ്പ് ഉണ്ടായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് നല്കുന്ന സൂചന.
ദിലീപിനെ പൂട്ടിക്കാനെന്ന പേരില്‍ തയ്യാറാക്കിയ ഗ്രൂപ്പെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് പ്രചരിപ്പിക്കാനും തെളിവുകള്‍ സൃഷ്ടിക്കുന്നതിനുമായി രൂപീകരിച്ച ഗ്രൂപ്പാണ് ഇതെന്നാണ് കരുതുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് ദിലീപിന്റെ സഹോദരന് അനൂപ്.