ബില്‍ക്കിസ് ബാനു കേസില്‍ കുറ്റവാളികളെ വിട്ടയച്ച നടപടി; ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസില്‍ കുറ്റവാളികളെ ജയില്‍ മോചിതരാക്കിയതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. 11 പ്രതികളെ വിട്ടയച്ചതിനെതിരെ സിപിഎം നേതാവ് സുഭാഷിണി അലി, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ പ്രതികളെ കക്ഷിചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. കുറ്റക്കാര്‍ മോചനം അര്‍ഹിക്കുന്നുണ്ടോയെന്ന് ചോദിച്ച കോടതി ഇവരെ മോചിപ്പിച്ചതിന്റെ പശ്ചാത്തലം എന്താണെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് 11 കുറ്റവാളികളെയും മോചിപ്പിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും മോചനം വേണമെന്നും ചൂണ്ടിക്കാട്ടി കുറ്റവാളികളില്‍ ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്കി. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ച്മഹല്‍ കലക്ടര്‍ അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയമിക്കുകയും എല്ലാവരെയും മോചിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുകയുമായിരുന്നു.
ഇതനുസരിച്ച് കഴിഞ്ഞ ഓഗസ്റ്റ് 15ന് 11 കുറ്റവാളികളെയും മോചിപ്പിച്ചു. മാലയിട്ടും, മധുരം നല്‍കിയുമാണ് ജയില്‍മോചിതരായ ഇവരെ ബന്ധുക്കള്‍ സ്വീകരിച്ചത്. ഗുജറാത്ത് കലാപത്തിനിടെ അഞ്ചു മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ജയില്‍ മോചിതരായത്. ബില്‍ക്കിസ് ബാനുവിന്റെ മൂന്നു വയസുകാരിയായ മകളെയും ഇവര്‍ നിലത്തടിച്ച് കൊലപ്പെടുത്തിയിരുന്നു.