എട്ടു വയസുകാരിയെ പരസ്യവിചാരണ ചെയ്ത സംഭവം; നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാമെന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥ
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടു വയസുകാരിയെ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാമെന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥ. ആരോപണ വിധേയയായ രജനി എന്ന ഉദ്യോഗസ്ഥയാണ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ അച്ഛന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇതിനായി നല്‍കണമെന്നും ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്‍കണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. രജനിയുടെ ശമ്പളത്തില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കണമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ നഷ്ടപരിഹാരത്തുക കുറയ്ക്കാനാകുമോയെന്ന് ഉദ്യോഗസ്ഥ ചോദിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛന് ഇതിന് സന്നദ്ധനല്ലെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് അപ്പീല്‍ വിശദമായി വാദം കേള്‍ക്കാന്‍ മാറ്റി. ഹര്‍ജി വീണ്ടും സെപ്റ്റംബര്‍ അവസാനം പരിഗണിക്കും.
2021 ഓഗസ്റ്റ് 27നാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയായിരുന്ന രജനി കുട്ടിയെ പരസ്യവിചാരണ ചെയ്തത്. തുമ്പ വി.എസ്.എസ്.സി.യിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നത് കാണാന്‍ ആറ്റിങ്ങലിൽ കുട്ടിയും പിതാവും എത്തിയപ്പോളാണ് സംഭവം. പിങ്ക് പോലീസ് കാറിനടുത്താണ് ഇവര്‍ നിന്നത്. കാറിലുണ്ടായിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഉദ്യോഗസ്ഥ കുട്ടിയോടും പിതാവിനോടും തട്ടിക്കയറുകയായിരുന്നു. പിന്നീട് ഉഗ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ഫോണ്‍ കിട്ടിയെങ്കിലും ഉദ്യോഗസ്ഥ അധിക്ഷേപം തുടര്‍ന്നുവെന്നാണ് പരാതി.