കനത്ത മഴയില്‍ മുങ്ങി കൊച്ചി നഗരം; വെള്ളക്കെട്ട്, ഗതാഗത തടസം
രാവിലെ പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരം മുങ്ങി. എംജി റോഡ്, ഹൈക്കോടതി, കതൃക്കടവ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കതൃക്കടവില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. രണ്ട് ഓട്ടോറിക്ഷകള്‍ കടന്നു പോയതിനു തൊട്ടു പിന്നാലെയാണ് മരം വീണ് അപകടമുണ്ടായത്. സമീപത്തെ ഒരു കെട്ടിടത്തിനും കേടുപാടുകള്‍ പറ്റി.
പുലര്‍ച്ചെ നാലുമണി മുതല്‍ ശക്തമായ മഴയാണ് നഗരത്തില്‍ പെയ്തത്. പനമ്പിള്ളി നഗറിലും എംജി റോഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപവും കെട്ടിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കലൂരിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. റോഡുകളില്‍ പലയിടത്തായി വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസവും രൂക്ഷമായിരുന്നു.
തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ മഴ ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ പത്തുമണിയോടെ മഴ ശമിച്ചതിനാല്‍ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കനത്ത മഴയാണ് രാവിലെ പെയ്തത്. പത്തനംതിട്ടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. കോട്ടയത്ത് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
Content highlights – heavy rain, kochi, traffic jam