ഫോർട്ട്കൊച്ചി ബീച്ചിൽ നിരീക്ഷണ ക്യാമറകൾ തകർന്ന നിലയിൽ
ഫോർട്ട്കൊച്ചി ബീച്ചിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തകർന്ന നിലയിൽ. സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമെന്ന് ആക്ഷേപം. സുരക്ഷയുടെ ഭാഗമായാണ് വിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന മേഖലകളിൽ ക്യാമറകൾ സ്ഥാപിച്ചത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിൽ കണ്ടെത്തിയത്.
മൂന്ന് വീതം ക്യാമറകളാണ് ഫോർട്ട് കൊച്ചി സൗത്ത് കടപ്പുറത്തും ബോയിലറിന് സമീപത്തും സ്ഥാപിച്ചിരുന്നത്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഒരു ക്യാമറയുടെ വില. രണ്ട് മാസം മുമ്പാണ് 6 ക്യാമറകൾ 8 ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ചത്.
ബീച്ചിലെ വഴി വിളക്കുകൾ നശിപ്പിക്കുകയും മോഷണം, സാമൂഹ്യവിരുദ്ധരുടെ ശല്യം എന്നിവ കൂടുന്നത് കൊണ്ടാണ് ക്യാമറകൾ സ്ഥാപിച്ചത്. ഓണം അടുത്തതോടെ ശനി, ഞായർ ദിവസങ്ങളിൽ ഫോർട്ട്കൊച്ചിയിൽ എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരെ കണ്ടെത്തുന്നതിനൊപ്പം രാത്രികാല പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാണ്.
Content highlights – Fortkochi beach, Surveillance camera, Anti-social