ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യം; പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യമാണെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കഴിഞ്ഞ ഞായറാഴ്ച പ്രണയക്കെണിയെക്കുറിച്ച് സഭയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചിരുന്നു. മാതൃഭൂമി ന്യൂസിനോടാണ് പാംപ്ലാനി ഇക്കാര്യം ആവര്‍ത്തിച്ചത്. ഇക്കാര്യം സഭ പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. പരാമര്‍ശം മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വഴിതെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചതെന്നും ബിഷപ്പ് പറഞ്ഞു.
പെണ്‍കുട്ടികളുടെ ഭാവിയെ സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിതെറ്റിക്കുന്ന പ്രണയം യഥാര്‍ഥത്തില്‍ പ്രണയമല്ല. അതുകൊണ്ടാണ് പ്രണയക്കെണിയെന്ന് പറഞ്ഞത്. എത്രപേര്‍ ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമര്‍ശം നടത്തിയതെന്നും ബിഷപ്പ് വിശദീകരിച്ചു.
ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി നിരവധി മാതാപിതാക്കളെ ദുഃഖത്തിലാക്കിയിട്ടുണ്ടെന്നും ഇത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സഭ നല്‍കുമെന്നും ഇടയലേഖനത്തില്‍ പറഞ്ഞിരുന്നു.