ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിനു മുന്നിൽ തെരുവ് നായ ശല്യം
ആലപ്പുഴ മെഡിക്കൽ കോളേജിലും തെരുവ് നായ ശല്യം. മെഡിക്കൽ കോളേജിലെ ഐസിയുവിന് മുമ്പിലും ആശുപത്രിയുടെ ഇടനാഴികളിലും നായകൾ സ്വതന്ത്രമായി വിഹരിക്കുകയാണ്. രാത്രി സമയത്തും തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് രോഗികൾക്ക് കൂട്ടിരിക്കുന്നവർ ആരോപിച്ചു.
നഗരസഭ മുൻകയ്യെടുത്ത് നടത്തിയ തെരുവ് നായ വന്ധ്യംകരണ പദ്ധതി മൃഗസ്നേഹികളുടെ ഇടപെടൽ മൂലം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇത് സ്ഥിതി ഗുരുതരമാക്കുന്നതിന് കാരണമായെന്നാണ് ആലപ്പുഴ മുൻസിപ്പൽ ചെയര്പേഴ്സണ് സൗമ്യ രാജ് പറയുന്നത്. വന്ധ്യംകരണത്തിനായി നഗരസഭ 40 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. 25 ലക്ഷം രൂപയോളം ഇതുവരെ ചെലവിട്ടെന്നും ചെയര്പേഴ്സണ് വ്യക്തമാക്കി.
തെരുവ് നായ നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനായി തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്നിന് മന്ത്രിയുടെ ചേമ്പറിൽ ആണ് യോഗം ചേരുക. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
content highlights – alappuzha medical college, stray dogs