ഓണസദ്യ കുപ്പയിലെറിഞ്ഞ സംഭവം; തൊഴിലാളികള്‍ക്കെതിരായ നടപടികള്‍ റദ്ദാക്കി മേയര്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ഓണ സദ്യ വലിച്ചെറിഞ്ഞ സംഭവത്തില്‍ എടുത്ത നടപടികള്‍ മേയര്‍ റദ്ദാക്കി. സി പി എം നേതൃത്വവും മേയര്‍ ആര്യ രാജേന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളെ പിരിച്ചുവിട്ട നടപടി റദ്ദാക്കുകയായിരുന്നു. എന്നാല്‍ തൊഴിലാളികളുടെ സസ്പെന്ഷന് തുടരും.
ജോലിസമയത്ത് ഓണാഘോഷ പരിപാടികള്‍ നടത്തേണ്ട എന്ന തീരുമാനത്തില്‍ തൃപ്തരല്ലാത്ത ഒരു കൂട്ടം ജീവനക്കാരാണ് ഓണസദ്യ കുപ്പയിലെറിഞ്ഞ് പ്രതിഷേധിച്ചത്. സംഭവത്തില്‍ പതിനൊന്ന് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു. സ്ഥിരം ജീവനക്കാരായ ഏഴു പേരെ സസ്പെന്‍ഡ് ചെയ്യുകയും നാല് താത്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന് തൊളിലാളികളെ പിരിച്ചു വിട്ടത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ ഇവര്‍ക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കിയത്. സാനിട്ടേഷന്‍ വര്‍ക്കര്‍മാരായ എ.ശ്രീകണ്ഠന്, സന്തോഷ്, വിനോദ് കുമാര്‍, രാജേഷ്, ബിനുകുമാര്‍, സുജാത, ജയകുമാരി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സദ്യ കളയുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെ ജീവനക്കാര്‍ക്കെതിരേ കടുത്ത വിമര്‍ശനമുണ്ടായി. തുടര്‍ന്നാണ് മേയര്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
Content Highlights – Onasadya dump incident; Mayor cancels actions against workers