കര്‍ണാടകയില്‍ ആശുപത്രി ഐസിയുവില്‍ വൈദ്യുതി നിലച്ചു; രണ്ടു രോഗികള്‍ മരിച്ചു
കര്‍ണാടകയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് രണ്ട് രോഗികള്‍ മരിച്ചു. ബെല്ലാരിയിലെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് (വിംസ്) സംഭവം. ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ചതാണ് ദുരന്തത്തിന് കാരണം.
വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന വൃക്കരോഗി മൗലാന ഹുസൈന്, പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ചേട്ടമ്മ എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ന് ജനറേറ്റര്‍ തകരാറിലായതിനെ തുടര്‍ന്നു വൈദ്യുതി വിതരണം നിലച്ചിരുന്നു. ഈ സമയത്താണ് ഇരുവരും മരിച്ചത്.
അതേസമയം, വൈദ്യുതി വിതരണം നിലച്ചതല്ല രോഗികളുടെ മരണകാരണമെന്ന വാദവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. രണ്ടു രോഗികളും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇവരുടേത് സ്വാഭാവിക മരണം മാത്രമാണെന്ന് വിംസ് ഡയറക്ടര്‍ പറഞ്ഞു. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.