മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍; ഗതാഗതമന്ത്രി റിപ്പോര്‍ട്ട് തേടി
കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലി. മകളുടെ കണ്സഷന് പുതുക്കാനായി ഡിപ്പോ ഓഫീസിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. 15 മിനിറ്റോളം തന്നെ മുറിയില്‍ ബന്ദിയാക്കിയതായും പ്രേമനന് പറഞ്ഞു. സംഭവത്തില്‍ കാട്ടാക്കട പോലീസ് കേസെടുത്തു. ഗതാഗത മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്.ടി.സി. സി.എം.ഡി.യോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ചശേഷം മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ഇത്തരം പെരുമാറ്റം ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്.ടി.സി.ക്ക് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി പ്രതികരിച്ചു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഇടയ്ക്കിടക്ക് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാണെന്ന് ജീവനക്കാരോട് പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് പ്രേമനന് പറഞ്ഞു.
പഴയ കണ്സഷന് കാര്‍ഡും ഫോട്ടോയും നല്കി. എന്നാല്‍ കണ്സഷന് അനുവദിക്കണമെങ്കില്‍ വീണ്ടും കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു ജീവനക്കാരുടെ മറുപടി. മൂന്നുമാസം മുമ്പ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്ന് അവരോട് പറഞ്ഞു. പക്ഷേ, നിയമം അങ്ങനെയാണെന്നായിരുന്നു അവരുടെ മറുപടി.
മകള്‍ക്ക് ഇപ്പോള്‍ പരീക്ഷയാണെന്നും മൂന്നുദിവസം കഴിഞ്ഞ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞിട്ടും അവര്‍ കണ്സഷന് അനുവദിച്ചില്ല. ഇതോടെയാണ് അപ്പോഴുണ്ടായ രോഷത്തില്‍ കെ.എസ്.ആര്.ടി.സി.യുടെ പ്രതിസന്ധിക്ക് കാരണം ഇത്തരം കാര്യങ്ങളാണെന്ന് പറഞ്ഞത്. ഇതുകേട്ടതോടെ ഒരു ജീവനക്കാരന് തര്‍ക്കിച്ചു. പിന്നാലെ കൂടുതല്‍ ജീവനക്കാരെത്തി മര്‍ദ്ദിക്കുകയായിരുന്നു.
പപ്പയെ തല്ലല്ലേ എന്ന് മകള്‍ നിലവിളിച്ചു. മകള്‍ക്കൊപ്പം അവളുടെ കൂട്ടുകാരിയും ഉണ്ടായിരുന്നു. അപ്പോളേക്കും നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ പല ജീവനക്കാരും ഇറങ്ങിപ്പോയി. എന്നാല്‍ 15 മിനിറ്റോളം എന്നെ അവര്‍ മുറിയില്‍ ബന്ദിയാക്കി. മകള്‍ക്ക് പരീക്ഷയുള്ളതിനാല്‍ പിന്നീട് ഞാന്‍ മകളെ കോളേജിലേക്ക് വിട്ടു. അതിനുശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയതെന്നും പ്രേമനന് പറഞ്ഞു.